ന്യൂഡൽഹി: സസ്‌പെൻഷനിലായ ആം ആദ്‌മി കൗൺസിലർ താഹിർ ഹുസൈന്‍റെ വീട് ബിജെപി നേതാവായ കപിൽ മിശ്രയുടെ പ്രചാരണ ഓഫീസ് ആയിരുന്നുവെന്ന് റിപ്പോർട്ട്. ആംആദ്‌മിയുടെ ഭാഗമായിരുന്ന സമയത്ത് ഹുസൈനും മിശ്രയും ഉറ്റസുഹൃത്തുക്കളായിരുന്നുവെന്നും 2013ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കരാവാൾ നഗറിൽ നിന്നുള്ള എഎപി സ്ഥാനാർഥിയായി മിശ്ര മത്സരിക്കുന്ന സമയത്ത് ഹുസൈന്‍റെ വീട് പ്രചാരണ ഓഫീസ് ആയിരുന്നുവെന്നാണ് വിവരം. എന്നാൽ മിശ്ര ബിജെപിയിൽ ചേർന്നതോടെ ആ ബന്ധത്തിന് വിരാമമായി. കലാപത്തിൽ ഹുസൈൻ പങ്കാളിയാണെന്ന് ആദ്യം ആരോപിച്ചത് മിശ്രയാണ്.വിദ്വേഷപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് മിശ്ര ഹുസൈനെതിരെ തിരിഞ്ഞതും അവരുടെ ശത്രുതയെ വ്യക്‌തമാക്കുന്നു.
ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മൃതദേഹം അക്രമബാധിത പ്രദേശത്ത് നിന്നും കണ്ടെടുത്തശേഷം ഉദ്യോഗസ്ഥന്‍റെ കുടുംബാംഗങ്ങൾ കൊലപാതകത്തിന് പിന്നിൽ ഹുസൈനാണെന്ന് ആരോപിച്ചിരുന്നു. എന്നാൽ അക്രമങ്ങളിൽ താനും ഇരയാണെന്നാണ് വീഡിയോ പ്രസ്‌താവനയിൽ ഹുസൈൻ പറഞ്ഞത്.