ന്യൂഡൽഹി: തബ്‌ലീഗ് ജമാ അത്ത് അംഗങ്ങൾക്കെതിരെയുള്ള 1,095 ലുക്ക് ഔട്ട് സർക്കുലർ റദ്ദാക്കിയെന്നും 630 അംഗങ്ങൾ ഇന്ത്യയിൽ നിന്ന് തിരികെ പോയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിനും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിനെയും തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാൽ ഇവർക്കെതിരെയുള്ള എൽഒസി റദ്ദാക്കി സ്വദേശത്തേക്ക് മടക്കി അയക്കാനുള്ള നടപടികൾ മന്ത്രാലയം സ്വീകരിക്കുകയാണെന്ന് എംഇഎ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു. അംഗങ്ങളുമായി ബന്ധപ്പെട്ട വിദേശ എംബസികളെ വിവരം അറിയിച്ചിട്ടുണ്ട്.
തബ്‌ലീഗ് ജമാ അത്ത് സമ്മേളനത്തിനെ തുടർന്ന് ഒരു വിഭാഗം മാധ്യമങ്ങൾ വർഗീയ വിദ്വേഷം പ്രചരിപ്പിച്ചുവെന്നാരോപിക്കുന്ന പരാതിക്കാർ ആദ്യം നാഷണൽ ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ സമീപിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. തുടർന്ന് ഒരു ഹർജിയിൽ എൻബിഎയിൽ നിന്നും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിൽ നിന്നും സുപ്രീം കോടതി റിപ്പോർട്ടുകൾ തേടിയിരുന്നു. കേരള സർക്കാർ യുഎഇയിലെ റെഡ് ക്രസന്‍റുമായി ധാരണാ പത്രം ഒപ്പുവെക്കാൻ എംഇഎയുടെ അനുമതി തേടിയിട്ടില്ലെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി. അടുത്ത മാസം മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലേക്ക് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.