മുംബൈ: തപ്‌സി പന്നു കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന 'ധപ്പഡ്' എന്ന സിനിമയെ മധ്യപ്രദേശ് സർക്കാർ സംസ്ഥാന ചരക്ക് സേവന നികുതിയിൽ നിന്നും ഒഴിവാക്കി. ഗാര്‍ഹിക പീഡനം വിഷയമാക്കി ചിത്രീകരിച്ച സിനിമ അനുഭവ് സിന്‍ഹയാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. വെള്ളിയാഴ്‌ചയാണ് സിനിമയുടെ റിലീസ്.
സിനിമ കൈകാര്യം ചെയ്യുന്ന വിഷയവും അത് സമൂഹത്തിന് പകരുന്ന സന്ദേശവും കണക്കിലെടുത്താണ് സിനിമയെ എസ്‌ജിഎസ്‌ടിയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിംഗിള്‍ സ്ക്രീന്‍ തിയേറ്ററുകളോടും മള്‍ട്ടിപ്ലക്‌സുകളോടും സിനിമയുടെ ടിക്കറ്റുകള്‍ക്ക് എസ്‌ജിഎസ്‌ടി ഈടാക്കരുതെന്ന് നിര്‍ദേശം നല്‍കിയതായി വാണിജ്യ വകുപ്പ് അറിയിച്ചു.
നിലവിൽ സിനിമ ടിക്കറ്റുകൾക്ക് 18 ശതമാനം ജിഎസ്‌ടിയും എസ്‌ജിഎസ്‌ടി, കേന്ദ്ര ചരക്ക് സേവന നികുതി എന്നിവ ഒമ്പത് ശതമാനം വീതവുമാണ് വഹിക്കുന്നത്. ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ പിന്തുണ നല്‍കിയ ദീപിക പദുക്കോണ്‍ അഭിനയിച്ച 'ഛപാക്' എന്ന സിനിമയും മധ്യപ്രദേശ് സര്‍ക്കാര്‍ നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.