ഡെറാഡൂണ്‍: സ്വീഡനിലെ കാൾ പതിനാറാമന്‍ ഗുസ്‌താഫ് രാജാവും പത്നി സില്‍വിയയും ഋഷികേശിലെ രാംജുല പാലവും ഹരിദ്വാറിലെ സ്‌നാനഘട്ടും സന്ദര്‍ശിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ രാജകുടുംബത്തെ ഉത്തരാഖണ്ഡ് പ്രോട്ടോക്കോൾ മന്ത്രി ധൻ സിങ് റാവത്ത് ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് വിമാനത്താവളത്തിൽ സ്വീകരിച്ചു.
നമാമി ഗംഗെ പദ്ധതിയിൽ സ്വീഡിഷ് കമ്പനികൾക്കുള്ള അവസരങ്ങൾ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് ഹരിദ്വാറിലെ സെറായി മലിനജല ശുദ്ധീകരണ പ്ലാന്‍റും രാജാവ് സന്ദര്‍ശിക്കും.
സാമൂഹ്യപ്രവര്‍ത്തകനും യുവ അഭിഭാഷകനുമായ അഫ്രോസ് ഷാക്കൊപ്പം സ്വീഡിഷ് ദമ്പതികൾ മുംബൈയിലെ വെർസോവ ബീച്ചിൽ ബുധനാഴ്‌ച ശുചിത്വ പ്രചാരണ പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിക്ക് ശേഷം ഡല്‍ഹിയിലേക്ക് മടങ്ങിയ ദമ്പതികൾ ഐക്യരാഷ്ട്രസഭയുടെ ഓഫീസില്‍ സംഘടിപ്പിച്ച ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മനുഷ്യക്കടത്ത് സംബന്ധിച്ച സെമിനാറിലും പങ്കെടുത്തു. വെള്ളിയാഴ്‌ച ഇരുവരും സ്റ്റോക്‌ഹോമിലേക്ക് മടങ്ങും.