റായ്പൂർ: ഛത്തീസ്ഗഡിൽ നക്‌സലുകളും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന് പരിക്ക്. അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ എം എൽ ചൗഹാനും ഹാനും കോൺസ്റ്റബിൾ വിജയ് കുമാറിനും നേരെയാണ് ആക്രമണം ഉണ്ടായത്.
കിരണ്ടൂൾ, ബച്ചേലി എന്നിവിടങ്ങളിലെ ദേശീയ ധാതു വികസന കോർപ്പറേഷന്‍റെ (എൻഎംഡിസി) ഖനികൾക്ക് കാവൽ നിൽക്കുന്ന കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ (സിഐഎസ്‌എഫ്) രണ്ട് ഉദ്യോഗസ്ഥർ പതിവ് പട്രോളിംഗ് നടത്തുമ്പോഴാണ് നക്സലാക്രമണം ഉണ്ടായത്.
ആയുധങ്ങളുമായി ഒരുകൂട്ടം നക്സലുകൾ ആക്രമിക്കുകയായിരുന്നു. വാക്കി-ടോക്കി തങ്ങൾക്ക് നൽകാൻ നക്സലുകൾ ആവശ്യപ്പെട്ടു. എന്നാൽ ഇത് വിസമ്മതിച്ചതിനെത്തുടർന്ന് അക്രമകാരികൾ പ്രകോപിതരവുകയായിരുന്നു. അക്രമണത്തിനിടയിൽ വാക്കി ടോക്കിയും ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളും അക്രമികൾ തട്ടിയെടുത്തു. പൊലീസും സുരക്ഷാസേനയും സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും അക്രമികൾ കാട്ടിലേക്ക് ഓടി രക്ഷപെട്ടു. പരിക്കേറ്റ എ.എസ്.ഐയെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സുരക്ഷാ സേന പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.