ന്യൂഡൽഹി: നടന്‍ സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പട്നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രബര്‍ത്തിയുടെ ഹര്‍ജിയില്‍ സുപ്രിംകോടതി വിധി ഇന്ന്. ജസ്റ്റിസ് ഹൃഷികേശ് റോയ് ആണ് വിധി പറയുന്നത്. സിബിഐ അന്വേഷണത്തില്‍ കോടതി നിലപാട് നിര്‍ണായകമാകും.
സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണം സംഭവിച്ചത് മുംബൈയിലായതിനാല്‍ ബിഹാര്‍ പൊലീസിന് അന്വേഷണം സാധിക്കില്ലെന്നാണ് നടന്‍റെ പെണ്‍സുഹൃത്തും നടിയുമായ റിയ ചക്രബര്‍ത്തിയുടെ വാദം. സുപ്രിംകോടതി നേരിട്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ എതിര്‍പ്പില്ലെന്നാണ് നടിയുടെ നിലപാട്.
പട്ന പൊലീസിന്റെ എഫ്ഐആറില്‍ സിബിഐ അന്വേഷണം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ശ്രമമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോപിച്ചപ്പോള്‍, മുംബൈ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്തത് രാഷ്ട്രീയ സമ്മര്‍ദം കാരണമെന്ന് ബിഹാര്‍ സര്‍ക്കാര്‍ തിരിച്ചടിച്ചിരുന്നു. സിബിഐയും കോടതിയെ നിലപാട് അറിയിച്ചു.
എഫ്ഐആര്‍ പോലുമില്ലാതെയാണ് മുംബൈ പൊലീസിന്‍റെ അന്വേഷണമെന്നും, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പോലും കോടതിയില്‍ സമര്‍പ്പിച്ചില്ലെന്നും ആരോപിച്ചു. സിബിഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും അന്വേഷണവുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
നിലവിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 306 (ആത്മഹത്യക്ക് പ്രേരിപ്പിക്കൽ), 341 (മാനസിക സംഘർഷം ഉണ്ടാക്കുക), 342 (അകാരണമായി വീട്ടുതടങ്കലിൽ വക്കുക), 380 (താമസിക്കുന്ന വീട്ടിൽ മോഷണം), 406 (ക്രിമിനൽ വിശ്വാസ ലംഘനത്തിനുള്ള ശിക്ഷ), 420 (വഞ്ചന) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.