ന്യൂഡൽഹി: സുപ്രീംകോടതി തിങ്കളാഴ്‌ച മുതൽ പഴയതുപോലെ പ്രവർത്തനമാരംഭിക്കും. 30 ജഡ്‌ജിമാരുള്ള 12 ബെഞ്ചുകൾ ദിവസേന വീഡിയോ കോൺഫറൻസിലൂടെ കേസുകൾ പരിഗണിക്കും. മാർച്ചിൽ കൊവിഡ് ആരംഭിച്ചതു മുതൽ രണ്ട് മുതൽ മൂന്ന് വരെ ജഡ്‌ജിമാരുള്ള അഞ്ച് ബെഞ്ചുകൾ ദിവസേന 20 ഓളം കേസുകൾ കേട്ടിരുന്നു. രണ്ടും മൂന്നും ജഡ്‌ജിമാരുള്ള 10 ബെഞ്ചുകളും രണ്ട് സിംഗിൾ ജഡ്‌ജ് ബഞ്ചുകളും ഒക്‌ടോബർ 12 മുതൽ എല്ലാ ദിവസവും കേസുകൾ കേൾക്കുമെന്നാണ് സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇതുവരെ നേരിട്ടുള്ള ഹിയറിംഗുകൾ ആരംഭിക്കേണ്ടതില്ലെന്നാണ് സുപ്രീം കോടതി തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനത്തിന്‍റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിന് രണ്ട് ദിവസം മുൻപായി മാർച്ച് 23 മുതൽ വീഡിയോ കോൺഫറൻസിലൂടെ സുപ്രീം കോടതി കേസുകൾ കേട്ടിരുന്നു. കേസുകൾ കേൾക്കുന്നതിനായി എട്ട് ബെഞ്ചുകൾക്ക് മൂന്ന് ജഡ്‌ജിമാരും രണ്ട് ജഡ്‌ജിമാർ വീതമുള്ള രണ്ട് ബെഞ്ചുകളും ഉണ്ടായിരിക്കും. കൈമാറ്റം ചെയ്യപ്പെട്ട പരാതികൾ കേൾക്കുന്നതിനും വിധി പറയുന്നതിനും രണ്ട് സിംഗിൾ ജഡ്‌ജ് ബെഞ്ചുകളുണ്ടാകും.
രാജ്യത്ത് കൊവിഡ് വ്യാപനത്തിനു ശേഷം മതിയായ പൊതുഗതാഗത സൗകര്യങ്ങളുടെ അഭാവം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ഉദ്യോഗസ്ഥരുടെ എണ്ണം കുറയുന്നുണ്ട്. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുള്ള അഭിഭാഷകർക്കും പരാതിക്കാർക്കും സൗകര്യമൊരുക്കുന്നതിനായി, 12 ഫെസിലിറ്റേഷൻ റൂമുകൾ തയ്യാറാക്കിയിട്ടുണ്ട്. അതിൽ അഞ്ച് ഫെസിലിറ്റേഷൻ റൂമുകൾ സുപ്രീം കോടതിയുടെ അഡീഷണൽ ബിൽഡിംഗ് കോംപ്ലക്‌സിൽ നിന്നും ഏഴെണ്ണം ഡൽഹി ജില്ലാ കോടതി സമുച്ചയത്തിൽ നിന്നുമാണ് പ്രവർത്തിക്കുന്നത്.