ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗില്‍ പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സുപ്രീം കോടതി നിയമിച്ച മധ്യസ്ഥ സംഘത്തിലെ മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രൻ എന്നിവര്‍ കഴിഞ്ഞയാഴ്ച ഷഹീൻ ബാഗിൽ നിന്ന് വേദി മാറ്റണമെന്നാവശ്യവുമായി പ്രതിഷേധക്കാരെ സമീപിച്ചിരുന്നു. തുടര്‍ന്ന് മധ്യസ്ഥ സംഘം തിങ്കളാഴ്ച റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.
കലിന്ദി കുഞ്ചിന് സമീപമുള്ള ഷഹീൻ ബാഗിൽ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി നേരത്തെ പരിഗണിച്ചിരുന്നു.പൊതു സ്ഥലങ്ങളില്‍ പ്രതിഷേധം നടത്തുന്നതില്‍ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ടാണ് ഡോ. നന്ദ് കിഷോര്‍ ഗര്‍ജും അമിത് ഷഹ്നിയുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. വിഷയത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.