ന്യൂഡല്‍ഹി: അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിന് സുപ്രീം കോടതിയുടെ നിര്‍ദേശം. ഹരിദ്വാറിലെ നാല് പ്രദേശങ്ങളിലെ അനധികൃത കെട്ടിടങ്ങള്‍ 2021 മെയ് 31നകം പൊളിച്ചു നീക്കാനാണ് നിര്‍ദേശം. സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്ന വിഷയത്തില്‍ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍ സുഭാഷ് റെഡ്ഡി എന്നിവരാണ് വാദം കേട്ടത്.
793 അനധികൃത കെട്ടിടങ്ങളില്‍ 5 എണ്ണം മാത്രമാണ് അവശേഷിക്കുന്നതെന്നും കോടതി ഉത്തരവിനാല്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌ത കോടതിയെ ബോധിപ്പിച്ചു. ഭൂമി ജലസേചന വകുപ്പിന്‍റേതാണെന്ന അഖില ഭാരതീയ അഖാര പരിഷദിന്‍റെ ഇടക്കാല അപേക്ഷ കോടതി നിരസിച്ചിരുന്നു. 2021 ജനുവരിയിലെ കുംഭ മേളയോട് അനുബന്ധിച്ച് കോടതി നിര്‍ദേശം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാറിന്‍റെ ആവശ്യം നിരസിച്ച സുപ്രീം കോടതി മെയ് 31 നകം കെട്ടിടം പൊളിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.