ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്ത കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. അഭിഭാഷകനായ എം എല്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജിക്ക് വ്യക്തത ഇല്ലെന്നാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരിക്കുന്നത്.
ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് മനസിലാകുന്നില്ല. ഹര്‍ജിക്കാരന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പോലും വ്യക്തതയില്ല. ഇത്തരമൊരു ഹര്‍ജി പരിഗണിക്കാനാവില്ലെന്നും എന്നാല്‍ ഇതിനൊപ്പമുള്ള മറ്റ് ഹര്‍ജികള്‍ കണക്കിലെടുത്ത് അത് ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു. നിലവിലെ പിഴവുകള്‍ നികത്തി വീണ്ടും ഹര്‍ജി സമര്‍പ്പിക്കാനാണ് കോടതിയുടെ ഉത്തരവ്. വിഷയത്തില്‍ ആറ് ഹര്‍ജികളാണ് കോടിതിക്ക് മുമ്പില്‍ ലഭിച്ചിരിക്കുന്നത്.
അതേ സമയം കശ്‌മീരില്‍ ഏതാനും ദിവസത്തിനകം സാധാരണ നില പുനസ്ഥാപിക്കാനാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്ഥിതിഗതികള്‍ പരിശോധിച്ച് വരികയാണെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് സാവകാശം നല്‍കണമെന്നും കോടതി അഭിപ്രായപ്പെട്ടു.