സുനന്ദ പുഷ്‌കര്‍ മരണപ്പെട്ട കേസില്‍ ഇന്ന് ഡല്‍ഹി പട്യാല കോടതി വിചാരണ ആരംഭിക്കും. സംഭവത്തില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം, ഗാര്‍ഹിക പീഡനം എന്നിവയാണ് ഡല്‍ഹി പൊലീസ് ചുമത്തിയിരിക്കുന്നത്.
2014 ജനുവരി 17നാണ് സുനന്ദ പുഷകറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം നടന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിയ്ക്കുന്നതിനിടെ ഇരുവരും വഴക്കിട്ടിരുന്നതായും സാക്ഷി മൊഴികള്‍ ഉണ്ടായിരുന്നു. മരണത്തിനു തൊട്ടു മുന്‍പ് ശശി തരൂരിന് സുനന്ദ പുഷ്‌കര്‍ ജീവിക്കാനാഗ്രഹിക്കുന്നില്ല താന്‍ മരിക്കാന്‍ പോകുന്നു എന്ന് ഇ മെയില്‍ അയച്ചിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാനോ, സുനന്ദയുടെ ജീവന്‍ രക്ഷിക്കാനോ ശശി തരൂര്‍ ശ്രമിച്ചില്ലെന്നത് ആത്മഹത്യാ പ്രേരണ കുറ്റമായി കണക്കാക്കാമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കൂടാതെ സുനന്ദ മരിച്ച മുറിയില്‍ നിന്ന് തെളിവുകള്‍ നശിപ്പിച്ചതായും സുനന്ദയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയിൽ ആദ്യം കണ്ടതെന്നാണ് അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാർ അന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമായ മരണമെന്നും അൽപ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്‌റ്റ്‌മോർട്ടം നടത്തിയ ഡോ സുധീർ ഗുപ്‌ത ആദ്യം വ്യക്‌തമാക്കിയിരുന്നു. എന്നാൽ, അൽപ്രാക്‌സിന്‍റെ സാന്നിധ്യം സുനന്ദയുടെ ഉള്ളിൽ കണ്ടെത്താതിരുന്നത് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിനെക്കുറിച്ചും സംശയത്തിന് ഇടയാക്കി. റിപ്പോർട്ട് കെട്ടിച്ചമയ്‌ക്കാൻ തന്‍റെ സമ്മർദമുണ്ടായെന്ന് ഡോ.ഗുപ്‌ത പിന്നീട് ആരോപിച്ചു.
തിരുവന്തപുരം ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നതിനിടയിലാണ് നിര്‍ണായക വിചാരണ.