ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി നാടുകാട്ടുപ്പെട്ടിയില്‍ കുഴല്‍കിണറില്‍ വീണ് മരിച്ച രണ്ടുവയസുകാരന്‍ സുജിത് വില്‍സണിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു. പുലര്‍ച്ചെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് വീട്ടിലെത്തിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയാണ് കുട്ടിയുടെ മൃതദേഹം കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്തത്. മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് ഗതാഗത വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ജെ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് ജീവനോടെ പുറത്തെടുക്കാനായി എല്ലാ വിധ മാര്‍ഗങ്ങളും സ്വീകരിച്ചു. എന്നാല്‍ അവസാന മണിക്കൂറുകളില്‍ കിണറില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 80 മണിക്കൂറായി കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു സര്‍ക്കാരും ദുരന്ത നിവാരണസേനയും. വെള്ളിയാഴ്ച വൈകിട്ടാണ് രണ്ടുവയസുകാരൻ സുജിത് വില്‍സണ്‍ കുഴല്‍ക്കിണറില്‍ വീണത്. ആദ്യം 25 അടി താഴ്ചയില്‍ തങ്ങി നിന്നിരുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 88 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ തമിഴ്‌നാട് ഉപ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം സുജിത്തിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചു .