ചണ്ഡീഗഡ്: വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും കർശന ലോക്ക് ഡൗൺ നടപ്പിലാക്കുമെന്ന് ഉത്തരവിറക്കി പഞ്ചാബ് സർക്കാർ. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും സമൂഹ വ്യാപനത്തിനുമുള്ള സാധ്യത മുമ്പിൽ കണ്ടാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. മെഡിക്കൽ സ്റ്റാഫ്, എസെൻഷ്യൽ സർവീസ് പ്രൊവൈഡർ ഒഴികെയുള്ളവർ സിഒവിഎ ആപ്പിലൂടെ ഇ പാസ് ഡൗൺലോഡ് ചെയ്യണമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് വീഡിയോ കോൺഫറൻസിൽ പറഞ്ഞു.
വ്യവസായ സ്ഥാപനങ്ങൾ എല്ലാ ദിവസങ്ങളിലും സാധാരണമായി പ്രവർത്തിക്കുമെന്നും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡൽഹിയിൽ നിന്നെത്തുന്നവരെ കർശനമായി പരിശോധനക്ക് വിധേയമാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേ സമയം 500-800 വാഹനങ്ങളാണ് ഡൽഹിയിൽ നിന്ന് പഞ്ചാബിൽ എത്തുന്നതെന്ന് ഡിജിപി പറഞ്ഞു.