ബെംഗളുരു: മഹാരാഷ്‌ട്രയിൽ നിന്ന് മടങ്ങിയെത്തുന്ന കർണാടക സ്വദേശികൾക്ക് 14 ദിവസത്തെ ഹോം ക്വാറന്‍റൈൻ നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി ബി. ശ്രീരാമുലു. തിരിച്ചെത്തുന്നവരുടെ വീടുകൾ സീൽ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. തിരിച്ചെത്തുന്നവരുടെ നീക്കങ്ങൾ ആശാ പ്രവർത്തകർ, ഹോം ഗാർഡുകൾ, പൊലീസ് എന്നിവരുടെ സഹായത്തോടെ നിരീക്ഷിക്കും. അപ്പാർട്ട്‌മെന്‍റുകളിൽ താമസിക്കുന്നവരുടെ ഫ്ലാറ്റ് മാത്രം സീൽ ചെയ്യും.
ഉഡുപ്പിയിൽ നിന്ന് 946 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ ഭൂരിഭാഗവും മഹാരാഷ്‌ട്രയിൽ നിന്നെത്തിയവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരുടെ നിയന്ത്രണങ്ങൾ കൈകാര്യം ചെയ്യുന്നത് ഡെപ്യൂട്ടി കമ്മീഷണറാണെന്നും മന്ത്രി അറിയിച്ചു. സീൽ ചെയ്‌ത വീടുകളിൽ പ്രാദേശിക സംഘടനകൾ വഴി ഭക്ഷണമെത്തിക്കും. രോഗലക്ഷണങ്ങളുള്ളവരെ ഉടൻ തന്നെ പരിശോധനക്ക് വിധേയമാക്കും. കൊവിഡ് ചികിത്സക്കായി അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.