കൊൽക്കത്ത: കൊൽക്കത്തയിലെ തെരുവുകളും പൊതുസ്ഥലങ്ങളും വിജനമാണ്. ജനതാ കർഫ്യൂവിന് പൂർണ സഹകരണം നൽകി ജനങ്ങൾ വീട്ടിൽ തന്നെയിരിക്കുന്നു. വൈറസ് വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ തിരക്ക് വളരെ കുറവാണ്. അത്യാവശ്യ ജോലികൾക്കല്ലാതെ ആരും പുറത്തിറങ്ങുന്നില്ല. 'ജനത കർഫ്യൂ' കണക്കിലെടുത്ത് ഇന്ന് പുലർച്ചെ നാലിനും രാത്രി പത്തിനും ഇടയിലുള്ള എല്ലാ മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകളും ഈസ്റ്റേൺ, സൗത്ത് ഈസ്റ്റേൺ റെയിൽവെ റദ്ദാക്കി. എന്നാൽ ലോക്കൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. റെസ്റ്റോന്‍റുകൾ, ബാറുകൾ, നൈറ്റ്ക്ലബ്ബുകൾ, അമ്യൂസ്മെന്‍റ് പാർക്കുകൾ, മസാജ് പാർലറുകൾ, മ്യൂസിയങ്ങൾ, മൃഗശാലകൾ എന്നിവിടങ്ങൾ ഈ മാസം 31 വരെ അടച്ചിടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു.