ന്യൂഡൽഹി: പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിലെ ഭീകരാക്രമണവുമായി ഇന്ത്യക്ക് ബന്ധമുണ്ടെന്ന പാകിസ്ഥാൻ വിദേശകാര്യമന്ത്രിയുടെ ആരോപണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളി. കറാച്ചിയിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് പാകിസ്ഥാൻ വിദേശകാര്യമന്ത്രി നടത്തിയ പരാമർശങ്ങള്‍ ഇന്ത്യ നിരസിച്ചു. പാകിസ്ഥാന്‍റെ ആഭ്യന്തര പ്രതിസന്ധികളുടെ ഉത്തരവാദിത്തം ഇന്ത്യക്ക് ഏറ്റെടുക്കാൻ സാധിക്കില്ലെന്നും കറാച്ചി ഉൾപ്പെടെ ലോകത്തെവിടെയും നടക്കുന്ന ഭീകരതയെ അപലപിക്കാൻ ഇന്ത്യക്ക് ഒരു മടിയുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു. ആഗോള തീവ്രവാദിയെ 'രക്തസാക്ഷി'യായി കാണുന്ന പ്രധാനമന്ത്രിയുടെയും സ്വന്തം സർക്കാരിന്‍റെയും നിലപാടുകൾ പുറത്തുകാണിക്കാൻ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കറാച്ചിയിലെ പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ സൂചനകൾ ഇന്ത്യയുടെ സജീവമായ സ്ലീപ്പർ സെല്ലുകളിലേക്ക് നയിക്കുക്കുന്നു എന്നാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി പറഞ്ഞത്. കറാച്ചിയിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിൽ ആക്രമണം നടത്തിയ നാല് തീവ്രവാദികളെ വെടിവച്ചു കൊന്നു. ഒരു പൊലീസുകാരനുൾപ്പെടെ നാല് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.