ന്യൂഡൽഹി: ആറ് മാസമായി നിയന്ത്രണങ്ങള്‍ തുടരുന്ന കശ്മീരില്‍ വിദേശ പ്രതിനിധി സംഘം സന്ദർശനം തുടരുന്നതിൽ വിമർശനം ഉന്നയിച്ച് സീതാറാം യെച്ചൂരി. സ്വന്തം രാജ്യത്തെ ജനങ്ങളുടെ സന്ദർശനം കശ്മീരിൽ തടയുമ്പോൾ വിദേശ പ്രതിനിധികൾ എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിആർ പ്രവർത്തനത്തിന്‍റെ ഭാഗമായാണെന്ന് സീതാറാം യെച്ചൂരി. ഇത്തരം നടപടികൾ മേഖലയിലെ അസാധാരണ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. നടപടികൾ വിരോധാഭാസമാണെന്നും യെച്ചൂരി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരിന്‍റെ സാമ്പത്തിക രംഗം ദയനീയാവസ്ഥയിലാണ്. ജനജീവിതവും ദുസഹമായി. ഇതിൽ ആശ്വാസ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി. അതേസമയം കശ്മീരിലെ നേതാക്കൾക്കെതിരെ വീട്ടുതടങ്കലിലാക്കിയ ക്രൂരമായ നടപടികളും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹർജികൾ സംബന്ധിച്ച് സുപ്രീംകോടതി ഇതുവരെ തീരുമാനമെടുക്കുത്തിട്ടില്ല. സർക്കാർ ഭൂമി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നൽകുന്ന നടപടികളിലേക്ക് സർക്കാർ പോകരുതെന്നും യെച്ചൂരി പറഞ്ഞു.