ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ പൊലീസ് ക്യാമ്പില്‍ നിന്ന് എകെ 47 തോക്കുകളുമായി പൊലീസുകാരനെ കാണാതായി. ബുദ്‌ഗാം ജില്ലയിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ നിന്നാണ് രണ്ട് എകെ 47 തോക്കുകളും മൂന്ന് മാഗസിനുകളുമായി സ്പെഷ്യല്‍ പൊലീസ് ഓഫീസറെ(എസ്‌പിഒ) കാണാതായത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്‌പിഒകളില്‍ ഭൂരിഭാഗവും ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നേടിയിട്ടില്ല. സുരക്ഷാസേനയെ സഹായിക്കുന്നതിനായാണ് ഇവരെ പ്രധാനമായും വിന്യസിച്ചിരിക്കുന്നത്.
സമാനമായി രണ്ട് ദിവസം മുന്‍പ് ജില്ലയിലെ തന്നെ മറ്റൊരു ക്യാമ്പില്‍ നിന്ന് റൈഫിളുമായി ഒരു എസ്എസ്ബി കോണ്‍സ്റ്റബിളിനെ കാണാതായിരുന്നു. എസ്‌എസ്ബിയുടെ 14ാം ബറ്റാലിയന്‍ ചദൂര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം രജൗരി സ്വദേശിയായ കോണ്‍സ്റ്റബിള്‍ അല്‍താഫ് ഹുസൈനാണ് സര്‍വീസ് റൈഫിളുമായി കാണാതായിരിക്കുന്നത്. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.