ഛണ്ഡീഗഡ്: ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളിൽ പ്രത്യേക സംവിധാനങ്ങൾ ലഭ്യമാക്കുന്നതിനായി ശബ്‌ദമുയർത്തിയവരിൽ ഒരാളാണ് വിവേക് ജോഷി. ഭിന്നശേഷിയുള്ള വിവേക് ജോഷിയുടെ പോരാട്ടത്തിന് രാജ്യം രണ്ട് ദേശീയ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. സ്വാഭാവിക രീതിയിൽ സംസാരിക്കാനോ നടക്കാനോ സാധിക്കാത്ത വിവേകിന് എല്‍.എല്‍.എം, എം.ബി.എ എന്നീ ബിരുദങ്ങള്‍ നേടാൻ ഭിന്നശേഷി ഒരു തടസമായിരുന്നില്ല. ഇപ്പോൾ പി.എച്ച്.ഡി കരസ്ഥമാക്കാനുള്ള പ്രയത്നത്തിലാണ് വിവേക്.
ഭിന്നശേഷിക്കാരെ ശാക്തീകരിച്ച വിവേകിന്‍റെ പ്രവർത്തനങ്ങൾക്ക് മുന്‍ രാഷ്‌ട്രപതിമാരായ ഡോ. എപിജെ അബ്‌ദുല്‍ കലാം, ഡോ. പ്രണബ് മുഖര്‍ജി എന്നിവർ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. രാജ്യത്തെമ്പാടുമുള്ള ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്ക് പോരാടാൻ വിവേകിനെ പ്രാപ്‌തനാക്കിയ അമ്മ കോഷാലിയ ദേവിയെയും രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നല്‍കി ആദരിച്ചു.
മുംബൈ വിമാനത്താവളത്തിലെ സംഭവം വിവേക് ജോഷിക്ക് മാത്രമല്ല സമാനമായ ജീവിത സാഹചര്യത്തിലൂടെ കടന്നുപോകുന്ന നിരവധി ആളുകൾക്ക് കരുത്തായി. സംഭവിച്ചതെല്ലാം നല്ലതിന് വേണ്ടിയായിരുന്നുവെന്നും അതോടെ തന്‍റെ ജീവിതം കീഴ്‌മേൽ മാറിയെന്നും വിവേക് പറയുന്നു.
വിമാനത്താവളത്തിൽ ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് നിരന്തരം സംസാരിച്ചതിന് ഒട്ടേറെ വെല്ലുവിളികളാണ് വിവേക് നേരിടേണ്ടി വന്നത്. എങ്കിലും വിവേകിന്‍റെ കഠിനാധ്വാനത്തിന് ഫലമുണ്ടായി. ഭിന്നശേഷിക്കാരന്‍റെ അതിശക്തമായ വാക്കുകള്‍ക്ക് വില കൽപ്പിച്ച എയര്‍ ഇന്ത്യ, ഒടുവിൽ ജീവനക്കാര്‍ക്ക് മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ഭിന്നശേഷിക്കാരായ വ്യക്തികളെയും മുതിര്‍ന്ന പൗരന്മാരെയും കൈകാര്യം ചെയ്യുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നാണ് നിർദേശങ്ങളിൽ ഉൾപ്പെടുത്തിയത്.
ഈ കുരിശു യുദ്ധത്തില്‍ വിവേകിനൊപ്പം പോരാടാന്‍ അച്ഛനും ഉണ്ടായിരുന്നു. മുംബൈ വിമാനത്താവളത്തിലെ വാദ പ്രതിവാദത്തിലൂടെ ഭിന്നശേഷിക്കാരുടെയും മുതിര്‍ന്ന പൗരന്മാരുടെയും വിജയമാണ് കരസ്ഥമാക്കിയതെന്ന് അദ്ദേഹം പറയുന്നു.
സ്വയം സഹായിക്കുന്നതോടൊപ്പം മറ്റുള്ളവരെയും സഹായിക്കാന്‍ ശ്രമിക്കുമ്പോഴാണ് ജീവിതം അർഥ പൂര്‍ണവും ആസ്വാദ്യകരവുമാകുന്നത്. വിവേക് ജോഷിയുടെയും അച്ഛന്‍റെയും പ്രവർത്തനങ്ങൾ അനുകരണീയവും സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനവുമാണ്.