ചെന്നൈ: സംസ്ഥാന പൊലീസ് സേനയിലെ സബ് ഇൻസ്‌പെക്‌ടറെ ചെന്നൈയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സേനയുടെ 47-ാമത്തെ പ്ലാറ്റൂണിലെ 'എച്ച്' കമ്പനിയലെ എസ്എസ്ഐ ജി. ശേഖർ (47) ആണ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ടി നഗറിലെ വിഎച്ച്പിയുടെ ഹെഡ് ഓഫീസിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ഓഫീസിന് പിന്നിലാണ് ഇദ്ദേഹത്തെ മരിച്ചതായി കണ്ടെത്തിയത്.
വീട് നിര്‍മാണത്തിനായി എടുത്ത 25 ലക്ഷം രൂപ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ അദ്ദേഹം വിഷാദത്തിലായിരുന്നുവെന്ന് പറയുന്ന കുറിപ്പ് പൊലീസ് കണ്ടെത്തി. ഉദ്യോഗസ്ഥന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. വെടിയുതിര്‍ത്ത തോക്ക് ഫോറന്‍സിക് കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മമ്പലം ഡെപ്യൂട്ടി കമ്മീഷണർ ഹരി കിരൺ പ്രസാദും സംഭവസ്ഥലം പരിശോധിച്ചു.