കൊളംബോ: കൊവിഡ് പ്രതിസന്ധിയിൽ ശ്രീലങ്കയിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം കൊളംബോ വിമാനത്താവളത്തിൽ എത്തി. "വന്ദേ ഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ എഐ 1202 വിമാനത്തിൽ യാത്ര തിരിക്കാൻ കൊളംബോയിൽ ഇന്ത്യൻ പൗരന്മാർ എത്തി. ഏറ്റവും സന്തോഷകരമായ തിരക്കേറിയ പ്രഭാതം! " കൊളംബോയിലെ ഇന്ത്യൻ ഹൈകമ്മീഷണർ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യൻ പൗരന്മാരുടെ മടക്കയാത്ര കാണാൻ ഹൈക്കമ്മീഷണർ ഗോപാൽ ബാഗ്ലെയും വിമാനത്താവളത്തിൽ എത്തിയിരുന്നു.എല്ലാവർക്കും അദ്ദേഹം സന്തോഷകരവും സുരക്ഷിതവുമായ യാത്ര നേർന്നു.
ലോക്ക് ഡൗണിനെ തുടർന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ഭാരത സർക്കാരിന്റെ ദൗത്യമാണ് വന്ദേ ഭാരത്. ദൗത്യത്തിന് കീഴിൽ 29,034 തൊഴിലാളികൾ ഉൾപ്പെടെ 1,65,375 പേർ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. മെയ് ഏഴിന് ആദ്യ ഘട്ടം ആരംഭിച്ച ദൗത്യത്തിന്റെ രണ്ടാം ഘട്ടം മെയ് 16 ന് ആയിരുന്നു. ജൂൺ 11 ന് ആരംഭിച്ച മൂന്നാം ഘട്ടം ജൂൺ 30 വരെ തുടരും.