ന്യൂഡൽഹി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിനന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് സെപ്റ്റംബർ വരെ 10 കിലോ സൗജന്യ ഭക്ഷ്യ കിറ്റ് നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന, എന്നാൽ റേഷൻ കാർഡ് ഇല്ലാത്ത കുടിയേറ്റ തൊഴിലാളികൾക്കും ആറ് മാസത്തേക്ക് പത്ത് കിലോ സൗജന്യ ഭക്ഷ്യ കിറ്റ് നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
'ലോക് ഡൗൺ മൂലം രാജ്യത്താകമാനം ലക്ഷക്കണക്കിന് ജനങ്ങൾ പട്ടിണിയിലാണ്. നിലവിലെ പ്രതിസന്ധി പല കുടുംബങ്ങളെയും പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുകയാണ്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിനിടിയിൽ ജനങ്ങൾ ആരും പട്ടിണി നേരിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്'. സോണിയാ ഗാന്ധി കത്തിൽ സൂചിപ്പിച്ചു.