മഹാരാഷ്ട്രയിലെ ജനാധിപത്യ സാഹചര്യത്തെ നശിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയാ ഗാന്ധി. പാർലമെന്‍റ് മന്ദിരത്തിൽ നടന്ന കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. ഗവർണർ ഭഗത് സിംഗ് കോഷ്യാരിഅപലപനീയമായ രീതിയിലാണ് പ്രവർത്തിച്ചതെന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിർദ്ദേശപ്രകാരമാണ് കോഷ്യാരി പ്രവർത്തിച്ചത് എന്നതില്‍ സംശയമില്ലെന്നും വോട്ടെടുപ്പിന് മുമ്പുള്ള ബിജെപിയുടെ സഖ്യം അഹങ്കാരവും അമിത ആത്മവിശ്വാസവും കാരണം നടന്നില്ലെന്നും സോണിയ പറഞ്ഞു.
"ത്രിരാഷ്ട്ര സഖ്യ സർക്കാർ രൂപീകരണം നഗ്നമായി അട്ടിമറിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ ഞങ്ങൾ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ മോദി-ഷാ സർക്കാരിനെ പൂർണമായും തുറന്നുകാട്ടി. ബിജെപിയെ പരാജയപ്പെടുത്താനുള്ള തീരുമാനത്തിൽ ഞങ്ങൾ മൂന്ന് പാർട്ടികളും ഒറ്റക്കെട്ടാണ്"- സോണിയ പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയാണെന്നും വളർച്ച കുറയുകയാണെന്നും തൊഴിലില്ലായ്മ വളരുന്നുവെന്നും നിക്ഷേപം നടക്കുന്നില്ലെന്നും കോൺഗ്രസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
"കൃഷിക്കാർ, വ്യാപാരികൾ, ചെറുകിട, ഇടത്തരം ബിസിനസുകൾ എന്നിവ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. കയറ്റുമതി കുറയുന്നു. അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില ഉയരുകയാണ്, ഇത് ജീവനക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പ്രശ്നം പരിഹരിക്കുന്നതിനുപകരം മോഡി-ഷാ സർക്കാർ സ്ഥിതിവിവരക്കണക്കുകൾ വിശദീകരിക്കുന്ന തിരക്കിലാണെന്നും അവർ പറഞ്ഞു.
ആർസിഇപി വിഷയം, എൻആർസി, ആർട്ടിക്കിൾ 370, തിരഞ്ഞെടുപ്പ് ബോണ്ടുകൾ, തുടങ്ങിയ കാര്യങ്ങളിലും കോൺഗ്രസ് പ്രസിഡന്‍റ് സർക്കാരിനെ വിമർശിച്ചു.