ഭോപ്പാല്‍: കൊല്‍ക്കത്തയില്‍ നിന്നും ഒരു കൊല്ലം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ വഴിയൊരുക്കിയ സമൂഹമാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ. 2018 നവംബറിലാണ് മധ്യപ്രദേശിലെ ജബല്‍പൂരിന് സമീപത്തെ ധമാപൂരില്‍ അപരിചിതയായ ഒരു പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് പൊലീസിലേല്‍പ്പിക്കുന്നത്. പെണ്‍കുട്ടി ആ നാട്ടുകാരിയല്ലെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ പൊലീസുകാര്‍ അവളെ തൊട്ടടുത്ത അഗതി മന്ദിരത്തിലേക്ക് മാറ്റി. പെണ്‍കുട്ടി സംസാരിക്കുന്നത് ബംഗാളി ഭാഷയാണെന്ന് മനസിലാക്കിയ അധികൃതരും പൊലീസും ചേര്‍ന്ന് പശ്ചിമ ബംഗാൾ പൊലീസുമായി ബന്ധപ്പെടുകയും പെണ്‍കുട്ടിയുടെ ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്‌തു.
കൊല്‍ക്കത്തയിെല എന്‍ജിഒകളെയും കച്ചവടക്കാരെയുമെല്ലാം അവിടുത്തെ പൊലീസുമായി വാട്‌സാപ്പ് വഴി ബന്ധപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതിന്‍റെ ഭാഗമായി ബംഗാൾ പൊലീസ് പെണ്‍കുട്ടിയുടെ ഫോട്ടോ ഇത്തരത്തിലുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്തു. ഗ്രൂപ്പിലെ എന്‍ജിഒ ഡയറക്‌ടര്‍മാരിലൊരാളായ സന്ദീപ് റോയ് ഇത് ഫേസ്‌ബുക്കില്‍ പങ്കുവെച്ചു. ഫോട്ടോയ്‌ക്ക് താഴെ വന്ന മറുപടികളിലൊന്നില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് സന്ദീപ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി ജബല്‍പൂരിലെത്തുകയും കുട്ടിയെ കണ്ടെത്തുകയും ചെയ്‌തു. മാനസികവൈകല്യമുള്ള പെണ്‍കുട്ടി മാതാപിതാക്കളറിയാതെ പരിചയമില്ലാത്ത ട്രെയിനില്‍ കയറിയായിരുന്നു ജബല്‍പൂരിലെത്തിച്ചേര്‍ന്നത്.