ന്യൂഡൽഹി: കർണാടകയിൽ പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ച് നാടകം സംഘടിപ്പിച്ചതിനെതിരായ രാജ്യദ്രോഹകേസ് പിൻവലിക്കണമെന്ന് പൊതുതാത്പര്യ ഹർജി. നാടകം അവതരിപ്പിക്കപ്പെട്ട സ്കൂളിലെ പ്രധാനാധ്യാപിക, രക്ഷിതാക്കൾ എന്നിവർക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാണ് സാമൂഹിക പ്രവർത്തകയായ യോഗിത ഭയാന നൽകിയ ഹർജിയിലെ ആവശ്യം. അതേസമയം സർക്കാരുകൾ രാജ്യദ്രോഹക്കേസ് ദുരുപയോഗം ചെയ്യുന്നതിൽ ഉചിതമായ സംവിധാനം വേണമെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യം.
കർണാടകയിലെ ബീദർ സ്കൂളിലാണ് ജനുലരി 21ന് സിഎഎക്കെതിരായ നാടകം അരങ്ങേറിയത്. തുടർന്ന് മാനേജ്മെന്‍റെ്, പ്രധാന അധ്യാപിക, ഒരു വിദ്യാർഥിയുടെ രക്ഷിതാവ് എന്നിവരെ നിരന്തരം ചോദ്യം ചെയ്ത് രാജ്യദ്രോഹക്കേസ് ചുമത്തുകയായിരുന്നു. നീലേഷ് രക്ഷാൽ എന്നയാൾ സമർപ്പിച്ച പരാതിയിലാണ് കേസ്. പ്രധാനമന്ത്രിയെ അപമാനിച്ചെന്നാണ് പരാതിയിലെ പ്രധാന ആരോപണം.