ബെംഗളൂരു: പാമ്പിനെ ചുംബിക്കാൻ ശ്രമിക്കുന്നതിനിടെ, ചുണ്ട് പാമ്പ് കടിച്ചെടുത്തതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണ്ണാടകയിലെ ഷിമോഗയിലാണ് സംഭവം. പാമ്പ് പിടുത്തകാരൻ സോനുവിനാണ് പാമ്പുകടിയേറ്റത്.
ഷിമോഗയിലെ ഭദ്രാവതിയിൽ കണ്ടെത്തിയ പാമ്പിനെ പിടികൂടാൻ നാട്ടുകാർ സോനുവിനെ വിളിക്കുകയായിരുന്നു. കൂടി നിന്ന നാട്ടുകാരുടെ മുമ്പിൽ വെച്ച് സോനു പാമ്പിനെ ചുംബിക്കാൻ ശ്രമിക്കുകയും സോനുവിന്‍റെ ചുണ്ടിൽ പാമ്പ് കടിക്കുകയുമായിരുന്നു. പാമ്പുകടിയേറ്റതിനെത്തുടർന്ന് നാട്ടുകാർ ഇയാളെ അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ ഷിമോഗയിലെ മക്ഗാൻ ആശുപത്രിയിൽ ചികിത്സയിലാണ്.