കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയ ഭീകരർ കേരളത്തിലും കശ്മീരിലും എത്തിയിരുന്നതായി ശ്രീലങ്കൻ സേന തലവൻ ലഫ്. ജനറൽ മഹേഷ് സേനാനായകെ അറിയിച്ചു. തീവ്രവാദ പരിശീലനത്തിന്‍റെ ഭാഗമായാണ് ഇവർ കേരളത്തിലും കശ്മീരിലും എത്തിയതെന്ന് സൈന്യത്തലവൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ശ്രീലങ്കയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരർ കശ്മീരിന് പുറമേ കേരളത്തിലും ബംഗ്ളൂരുവിലും എത്തിയിരുന്നതായി സൈന്യത്തലവൻ വെളിപ്പെടുത്തി. പരിശീലത്തിനോ രാജ്യത്തിന് പുറത്തുള്ള മറ്റ് തീവ്രവാദ സംഘടനകളുമായോ ബന്ധപ്പെടാനായിരിക്കുമെന്ന് സേനാ മേധാവി കൂട്ടിച്ചേർത്തു.
ശ്രീലങ്കയിലെ ഭീകരാക്രമണത്തെ തുടർന്ന് കേരളം അടക്കമുള്ള സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയിരുന്നു. കേരളത്തിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്ത് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. മൂന്ന് ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലുമായുണ്ടായ സ്ഫോടനത്തിൽ 257 പേരാണ് കൊല്ലപ്പെട്ടത്.