ചണ്ഡിഗഡ്: കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് ജിഎസ്‌ടി നഷ്‌ടപരിഹാരത്തുക നല്‍കാത്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് കോൺഗ്രസ്. ബിജെപിയുടെ നേതൃത്തതിലുള്ള കേന്ദ്ര സര്‍ക്കാര്‍ ധനപരമായ ദുരുപയോഗം നടത്തുകയാണെന്നും രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കോൺഗ്രസ് പറഞ്ഞു. 2019-20 ലെ ബജറ്റിനെ താരതമ്യം ചെയ്യുമ്പോൾ 102.4 ശതമാനം ധനക്കുറവാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥക്ക് തുല്യമായ അവസ്ഥയാണ് തുടരുന്നതെന്നും പഞ്ചാബ്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്‌ടി നഷ്‌ടപരിഹാരത്തുക ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ ഇരുപതിന് പഞ്ചാബ്, വെസ്റ്റ് ബംഗാൾ, കേരളം, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ജിഎസ്‌ടി നഷ്‌ടപരിഹാരത്തുക ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിരുന്നു. പഞ്ചാബിന് മാത്രമായി ലഭിക്കാനുള്ള തുക 4100 കോടി രൂപയാണ്.