ഹൈദരാബാദ്: ഹൈദരാബാദില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തെലങ്കാന സർക്കാർ. മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്ന കേസിലെ പ്രതികള്‍ തെളിവെടുപ്പ് സമയത്ത് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് നാല് പ്രതികളെയും പൊലീസ് വെടിവെച്ച് കൊന്നത്. രചകൊണ്ട പൊലീസ് കമ്മിഷണർ മഹേഷ് എം. ഭാഗവത് നയിക്കുന്ന എട്ടംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
ബലാത്സംഗക്കേസിൽ അറസ്റ്റിലായ നാല് പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ എതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെയാണ് വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. അന്വേഷണം പൂർത്തിയായ ശേഷം സർക്കാരിനും കോടതിക്കും സംഘം റിപ്പോർട്ട് സമർപ്പിക്കും. ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലിരിക്കവെയാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.