ലഖ്നൗ: ഹത്രാസ് സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഞായറാഴ്ച രാവിലെ പെൺകുട്ടിയുടെ വസതിയിലെത്തി ബന്ധുക്കളെ കണ്ടു. സംഘം കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തി. ആദ്യ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹത്രാസ് പൊലീസ് സൂപ്രണ്ട്, ഡിഎസ്‌പി, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവരുടെ പോളിഗ്രാഫ്, നാർക്കോ അനാലിസിസ് ടെസ്റ്റുകൾ എന്നിവയും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ശുപാർശ ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം യുപി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളും ജനങ്ങളും സംഘടിപ്പിച്ച പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ശനിയാഴ്ച കുടുംബത്തെ സന്ദർശിച്ചിരുന്നു. 19 കാരിയായ യുവതി സെപ്റ്റംബർ 29 നാണ് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് മരിച്ചത്. സംഭവത്തിൽ പ്രതികളായ നാല് പേരും അറസ്റ്റിലായിട്ടുണ്ട്.
ഹത്രാസ് ഇരയുടെ ശരീരത്തിൽ നിന്ന് ബീജത്തിന്‍റെ അംശം ലഭിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ബലാത്സംഗം നടന്നിട്ടില്ലെന്ന് ഉത്തർപ്രദേശ് എ.ഡി.ജി പ്രശാന്ത് കുമാർ അവകാശപ്പെട്ടിരുന്നു. എന്നാൽ ബലാത്സംഗത്തിന് തൊട്ടുപിന്നാലെ വൈദ്യപരിശോധന നടത്തിയാൽ മാത്രമേ ബീജത്തിന്‍റെ സാന്നിധ്യം ഉണ്ടാകൂ എന്ന് നിയമ വിദഗ്ധർ പറഞ്ഞു.