ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനത്തുടർന്ന് പ്രതിഷേധ മാർച്ച് നടത്തിയതിന് അറസ്റ്റിലായ നാഷണൽ കോൺഫറൻസ് പ്രസിഡന്‍റും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്ദുല്ലയുടെ സഹോദരിയും മകളും ഉൾപ്പെടെയുള്ള വനിതാ പ്രക്ഷോഭകരെ ജാമ്യത്തിൽ വിട്ടു. അബ്ദുല്ലയുടെ സഹോദരി സുരയ്യയെയും, മകൾ സഫിയയെയും മറ്റ് 11 സ്‌ത്രീകളെയും ക്രിമിനൽ പ്രൊസീജ്യർ കോഡിലെ 107-ാം വകുപ്പ് പ്രകാരം 10,000 രൂപ വ്യക്തിഗത ബോണ്ടും 40,000 രൂപ പിഴയും ക്രമസമാധാനം പാലിക്കുമെന്ന് ഉറപ്പും നൽകിയാണ് വിട്ടയച്ചത്. ശ്രീനഗറിലെ സെൻട്രൽ ജയിലിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ സുരയ്യയും സഫിയയും ഒരു കൂട്ടം വനിതാ പ്രവർത്തകരും പ്രക്ഷോഭം നടത്തിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. പ്രക്ഷോഭം നിർത്തി പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാത്ത ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌ത് മാറ്റുകയായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനത്തുടർന്ന് അറസ്റ്റിലായ മൂന്ന് മുൻ മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഒമർ അബ്ദുല്ല.