പട്‌ന: തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്ത് റെക്കോർഡിട്ട് തേജസ്വി യാദവ്. രണ്ടാം ഘട്ട ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് 17 റാലികളിലും രണ്ട് റോഡ് ഷോകളിലും പങ്കെടുത്താണ് റെക്കോർഡിട്ടിരിക്കുന്നത്. ഇതോടെ ഒരു ദിവസം ഏറ്റവും കൂടുതൽ റാലികൾ നടത്തിയ പിതാവും രാഷ്ട്രീയ ജനതാദൾ നേതാവുമായ ലാലു പ്രസാദ് യാദവിന്‍റെ ഒരു ദിവസത്തെ 16 പൊതുയോഗങ്ങൾ എന്നുള്ള റെക്കോർഡാണ് തേജസ്വി യാദവ് തകർത്തിരിക്കുന്നത്.
ശനിയാഴ്ച രാവിലെ 10:05 ന് ആരംഭിച്ച റാലി വൈകുന്നേരം 4:45 നാണ് അവസാനിച്ചത്. തേജസ്വി 14 മുതൽ 16 വരെ പൊതുയോഗങ്ങളിൽ പങ്കെടുക്കുമ്പോൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതിദിനം ആറു മുതൽ ഏഴ് പൊതുസമ്മേളനങ്ങളിലാണ് പങ്കെടുക്കുന്നത്. മൂന്ന് ഘട്ടമായി നടക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം നവംബർ മൂന്നിനും മൂന്നാം ഘട്ടം നവംബർ ഏഴിനും നടക്കും. നവംബർ 10 നാണ് വോട്ടെണ്ണൽ.