ന്യൂഡൽഹി: ഇന്ത്യയിൽ നിർമിക്കുന്ന ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഷീല്‍ഡ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി തദ്ദേശീയ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് മുൻപിൽ കഴിഞ്ഞ ദിവസമായിരുന്നു കമ്പനി അപേക്ഷ സമർപ്പിച്ചത്.
ഫൈസർ കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയതിന് പിന്നാലെയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടും രംഗത്തെത്തിയത്. ഘട്ടം രണ്ട്, മൂന്ന് ക്ലിനിക്കൽ ട്രയൽ ഫലങ്ങളുടെ അടിസ്ഥാനത്തിൽ, ഐസിഎംആറിന്‍റെ സഹായത്തോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്‌സിൻ നേരത്തേ ലഭ്യമാക്കുമെന്ന് രാജ്യത്തെ സുപ്രധാന ആരോഗ്യ ഗവേഷണ സമിതി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
നാല് കോടിയോളം വാക്‌സിനുകൾ തയ്യാറായിട്ടുണ്ടെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അവകാശ വാദം. ഇന്ത്യയിലും ബ്രസീലിലും യുകെയിലുമായി നടത്തിയ ക്ലിനിക്കൽ പരിശോധനകളുടെ അടിസ്ഥാനത്തിൽ കൊവിഷീൽഡ് വാക്‌സിൻ കൊവിഡിനെതിരെ പ്രവർത്തിക്കാൻ ഫലപ്രദമാണെന്നാണ് കമ്പനി പറയുന്നത്.