അഹമ്മദാബാദ്: ഫെബ്രുവരി 24ന് അഹമ്മദാബാദിൽ എത്തുന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കുന്ന റോഡ് ഷോയില്‍ ഗുജറാത്തിന്‍റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതാൻ ധമാൽ നൃത്തം. നൂറ്റാണ്ടുകൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്ന് ഗുജറാത്തിലേക്ക് കുടിയേറിയ സിദികളുടെ പരമ്പരാഗത നാടോടി നൃത്തമാണ് ധമാല്‍. ആഫ്രിക്കൻ ഗോത്ര വര്‍ഗക്കാരുടെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നൃത്തരൂപമാണിത്.
ജഗദിയയിലെ രത്തൻപൂർ ഗ്രാമത്തിൽ നിന്നുള്ള സിദി യുവകലാകാരന്മാരാണ് ട്രംപിന് മുമ്പില്‍ ധമാല്‍ നൃത്തം അവതരിപ്പിക്കുന്നത്. തങ്ങളുടെ പ്രസിദ്ധമായ ധമാൽ നൃത്തം യുഎസ് പ്രസിഡന്‍റിന് മുന്നിൽ അവതരിപ്പിക്കാൻ സർക്കാർ ക്ഷണിച്ചതിലുള്ള ആവേശത്തിലാണ് രത്തൻപൂരിലെ കലാകാരൻമാര്‍. ഇവര്‍ ഇന്ത്യയിലും വിദേശത്തുമൊക്കെ പരിപാടി അവതരിപ്പിക്കുന്നുണ്ട്. റോഡ് ഷോയില്‍ നൃത്തം അവതരിപ്പിക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് രത്തൻപൂരിലെ പത്തംഗ ധമാല്‍ നൃത്ത സംഘം. ട്രംപിന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും 22 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഷോയിൽ 28 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാര്‍ അവരവരുടെ പരമ്പരാഗത കലാരൂപങ്ങൾ അവതരിപ്പിക്കുന്നുണ്ട്.