ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ ചൈന സംഘർഷത്തിൽ നരേന്ദ്ര മോദി മൗനം പാലിക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. നമ്മുടെ സൈനികരും ഉദ്യോഗസ്ഥരും രക്തസാക്ഷിത്വം വരിച്ചു, നിങ്ങൾ നിശബ്ദത പാലിക്കുകയാണോ? എന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
രാഹുൽ ഗാന്ധിയും വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദനായിരിക്കുന്നത്? അദ്ദേഹം എന്തിനാണ് ഒളിച്ചിരിക്കുന്നത്? ചൈനക്ക് നമ്മുടെ സൈനികരെ കൊല്ലാൻ എങ്ങനെ ധൈര്യം വന്നു? എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ വാലിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഘർഷം ഉണ്ടായത്. ഇത് ഒരു ദേശീയ അപമാനമാണെന്ന് പറഞ്ഞ് കോൺഗ്രസ് വക്താവും പഞ്ചാബിൽ നിന്നുള്ള ലോക്സഭാ എംപിയുമായ മനീഷ് തിവാരിയും സർക്കാരിനെതിരെ ആഞ്ഞടിച്ചു. പ്രധാനമന്ത്രി സംഭവത്തിൽ എന്തെങ്കിലും പ്രതികരിക്കണമെന്ന് തിവാരി പറഞ്ഞു. അതേസമയം ചൈനീസ് ഭാഗത്ത് ഉണ്ടായ ആൾനാശം ഇതുവരെ പുറത്തുവിട്ടിട്ടില്ല.