ന്യൂഡല്‍ഹി: കൊവിഡ് 19നെ ചെറുക്കുന്നതിന് രോഗികളുമായുള്ള ഇടപെടല്‍ ഒഴിവാക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. കൊവിഡ് 19നെ നേരിടുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള ജി-20 മന്ത്രിമാരുടെ വെര്‍ച്വല്‍ യോഗത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇന്ത്യയില്‍ ആദ്യ കൊവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്ന വിമാനങ്ങളുടെ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തത്. ആഗോളതലത്തില്‍ വലിയ ആരോഗ്യ പ്രതിസന്ധിയാണ് നേരിടുന്നത്.
കൊവിഡ് രാജ്യവ്യാപകമായി പടര്‍ന്ന സാഹചര്യത്തിലും അയല്‍രാജ്യങ്ങളെ ഇന്ത്യ സഹായിക്കാന്‍ ശ്രമിച്ചിരുന്നു. രോഗം വ്യാപിക്കുന്നത് തടയുന്നതിനൊപ്പം രോഗം വരാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളും രാജ്യം കൈക്കൊണ്ടെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആഗോള ആരോഗ്യ സംവിധാനങ്ങളുടെ ഫലപ്രാപ്‌തി മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെ യോഗത്തിൽ മന്ത്രിമാർ അഭിസംബോധന ചെയ്‌തു. അർജന്‍റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ജർമനി, ഫ്രാൻസ്, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, റഷ്യൻ ഫെഡറേഷൻ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തുർക്കി, യുകെ, യുഎസ്, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ജി20യില്‍ അംഗമായുള്ളത്.