ഛത്തീസ്‌ഗഡ്: ലോഹ്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പട്ടം പറത്തലിലൂടെ നൂറുകണക്കിന് പക്ഷികളാണ് വര്‍ഷം തോറും ചത്തൊടുങ്ങുന്നത്. ആഘോഷങ്ങള്‍ നല്ലതാണ് എന്നാല്‍ മിണ്ടാപ്രാണികളെ തിരസ്‌കരിച്ചുകൊണ്ടാകരുത് ആഘോഷങ്ങളെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് 'പെറ്റ' പ്രവര്‍ത്തകയായ സിക്ക.
പട്ടം പറത്തുന്നതിനായി ഉപയോഗിക്കുന്ന മാഞ്ചാ നൂലുകളാണ് അപകടകാരികള്‍. മത്സര പട്ടങ്ങള്‍ പൊട്ടിക്കുന്നതിനായി ഗ്ലാസും പശയും പൂശി നിര്‍മിക്കുന്ന ഈ നൂലുകള്‍ നിരവധി ജീവനുകള്‍ നഷ്ടമാക്കിയിട്ടുണ്ട്. മനുഷ്യര്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും അപകടം ഉണ്ടാക്കുന്ന മാഞ്ചാ നൂലുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് സിക്ക ആവശ്യപ്പെട്ടു.'ഗ്ലാസ് പൂശിയ മാഞ്ചാ നൂലുകള്‍ പൊട്ടിക്കൂ... ചിറകുകളല്ല' എന്ന മുദ്രാവാക്യം എഴുതി പട്ടത്തിന്‍റെ രൂപത്തിലുള്ള പോസ്റ്ററുകളും കൈയ്യില്‍ പിടിച്ചാണ് സിക്ക പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
അപകടങ്ങള്‍ കണക്കിലെടുത്ത് അടുത്തിടെ രാജസ്ഥാന്‍ സര്‍ക്കാര്‍ ചൈനീസ് മാഞ്ചാ നൂലുകളുടെ വില്‍പന നിരോധിച്ചിരുന്നു. ശൈത്യകാലത്തിന്‍റെ അവസാനമാണ് ലോഹ്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. പ്രധാനമായും പഞ്ചാബിലെ സിഖ്,ഹിന്ദു മത വിഭാഗക്കാരുടെ ആഘോഷമാണ് ലോഹ്രി.