റാഞ്ചി: ജമ്മുവിൽ മരിച്ച കരസേന ജവാന്‍റെ ഭാര്യ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഭർത്താവ് മരിച്ചെന്ന വിവരത്തെത്തുടർന്നാണ് ജവാന്‍റെ ഭാര്യ മനിത ആത്മഹത്യ ചെയ്തത്. റാഞ്ചിയിലെ ചാൻഹോയിൽ ബുധനാഴ്ചയാണ് സംഭവം. ഡിസംബർ 29 ന് രാത്രി 10 മണിയോടെ ബജ്രംഗ് ഭഗത്തിനോട് തങ്ങൾ സംസാരിച്ചിരുന്നതായും പിറ്റേന്ന് ഇയാൾ കട്ടിലിൽ നിന്ന് വീണ് മരിച്ചതായി വിവരം ലഭിക്കുകയായിരുന്നെന്നും ജവാന്‍റെ ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച രാത്രിയോടെ ഇയാളുടെ മൃതദേഹം നാട്ടിലെത്തിച്ചു.
ഭർത്താവിന്‍റെ അകാല നിര്യാണത്തെക്കുറിച്ചുള്ള വിവരത്തെത്തുടർന്നാണ് ഭാര്യ മാനിത കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. രണ്ട് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഭഗത്തിന്‍റെ ഭാര്യയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷം രണ്ടുപേരുടെയും മൃതദേഹം ഒരുമിച്ച് അടക്കം ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.