ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), ശിവസേന, കോൺഗ്രസ് എന്നിവയുടെ സഖ്യം അവസരവാദത്തിന്‍റെ സഖ്യമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌ഗരി. മഹാരാഷ്‌ട്രക്ക് സുസ്ഥിരമായ ഒരു സർക്കാരിനെ നൽകാൻ ഇതിന് കഴിയില്ല. മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിയെക്കുറിച്ചും സർക്കാർ രൂപീകരണത്തെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സഖ്യം മഹാരാഷ്‌ട്രക്ക് ഭീമമായ നഷ്‌ടമുണ്ടാക്കും. ഒരു സംസ്ഥാനത്തിന് അസ്ഥിരമായ സർക്കാരുണ്ടാകുന്നത് നല്ല കാര്യമല്ല. ബിജെപിയും ശിവസേനയും ഹിന്ദുത്വപരമായ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി നിലകൊള്ളുന്നതാണ്. ഇരുവർക്കുമിടയിൽ ഇപ്പോഴും പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളില്ല. അത്തരമൊരു സഖ്യത്തെ തകർക്കുന്നത് രാജ്യത്തിന് മാത്രമല്ല, ഹിന്ദുത്വത്തിനും മഹാരാഷ്‌ട്രക്കുമേൽക്കുന്ന കോട്ടമാണ്.
ശിവസേനയുടെ ആശയങ്ങളെ കോൺഗ്രസും തിരിച്ച് കോൺഗ്രസിന്‍റെ ആശയങ്ങളെ ശിവസേനയും ശക്തമായി എതിർത്തിരുന്നു. മൂന്ന് പാർട്ടികളും തമ്മിൽ പ്രത്യയശാസ്ത്രപരമായി നിരവധി വ്യത്യാസങ്ങളാണ് ഉള്ളതെന്നും നിതിൻ ഗഡ്‌ഗരി പ്രതികരിച്ചു. അതേസമയം കോൺഗ്രസ് - ശിവസേന - എൻസിപി യോഗത്തിൽ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. പ്രഖ്യാപനം നാളെ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ അറിയിച്ചു.