മുംബൈ: ക്ഷേത്രങ്ങള്‍ തുറന്നാല്‍ തുടര്‍ന്നുണ്ടാകാവുന്ന കൊവിഡ് വ്യാപനത്തിന്‍റെ ഉത്തരവാദിത്വം എന്‍ഡിഎ ഏറ്റെടുക്കുമോയെന്ന് ശിവസേന. ആരാധനാലയങ്ങളും സ്‌കൂളുകളും വീണ്ടും തുറന്നപ്പോഴൊക്കെ വലിയ തോതിലുള്ള കൊവിഡ് വ്യാപനത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചതാണെന്നും പ്രതിപക്ഷം സാഹചര്യം മനസിലാക്കണമെന്നും ശിവസേന മുഖപത്രമായ സാമ്‌നയില്‍ ചൂണ്ടിക്കാട്ടി.
ക്ഷേത്രങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. സാമൂഹ്യ അകലത്തെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാണെന്നും ക്ഷേത്രങ്ങള്‍ തുറന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജനങ്ങള്‍ പ്രവേശിക്കുമെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസിന്‍റെ പ്രതിഷേധങ്ങള്‍ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് നടത്തിയതെന്നും സാമ്‌നയില്‍ പറയുന്നു.
പ്രതിപക്ഷത്തിന്‍റെ സമരം എന്ത് അര്‍ഥത്തിലാണെന്ന് ആശ്ചര്യപെടുന്നുവെന്നും. എന്തിനാണ് ക്ഷേത്രങ്ങള്‍ അടച്ചതെന്ന് ആദ്യം പ്രതിപക്ഷം മനസിലാക്കണമെന്നും ശിവസേന പറഞ്ഞു. പ്രതിഷേധം രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ചുള്ളതാണോ അതോ വിശ്വാസത്തിന്‍റെ പേരിലാണോയെന്നും ശിവസേന ചോദിച്ചു.