ഭോപ്പാല്‍: ജാമിയ മിലിയയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് നടത്തിയ ആക്രമണത്തെ അപലപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 15ന് ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തില്‍ പൊലീസ് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.
ഡല്‍ഹി പൊലീസ് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സംഭവം അപമാനകരവും നിര്‍ഭാഗ്യകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. മുമ്പും അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട്. അതില്‍ 75 ശതമാനവും ഹിന്ദുക്കളായിരുന്നു. ഇപ്പോള്‍ പുതിയൊരു നിയമത്തിന്‍റെ ആവശ്യകത ഉണ്ടായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഒഴിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും നിരാശയിലാണെന്നും അദ്ദേഹം പറഞ്ഞു. മോദി ഭരണത്തില്‍ ബിജെപിയിലെ ഒരു വിഭാഗം അതൃപ്‌തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.