ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് മധ്യസ്ഥ സംഘം ഇന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മറ്റന്നാള്‍ വാദം കേള്‍ക്കുമെന്നാണ് ബെഞ്ച് അറിയിച്ചിരിക്കുന്നത്.
സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം വേണമെന്ന കാരണത്താലാണ് ജസ്റ്റിസ് എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. നാല് തവണ സമരക്കാരുമായി മധ്യസ്ഥ സമിതി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ച്ചയായി നാല് ദിവസം ഷഹീന്‍ ബാഗ് സന്ദര്‍ശിച്ചാണ് മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സമരം മറ്റൊരിടത്തേക്ക് മാറ്റുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ചകളേറെയും. സമരവേദി മാറ്റണമെന്ന ആവശ്യം തള്ളിയെങ്കിലും പൊലീസ് സുരക്ഷ ഉറപ്പ് നല്‍കിയാല്‍ ഉപരോധിച്ച റോഡ് ഭാഗികമായി തുറന്ന് നല്‍കാമെന്നായിരുന്നു സമരക്കാരുടെ നിലപാട്.
സമരം ഷഹീന്‍ബാഗില്‍ തന്നെ തുടരാനും കാളിന്ദി കുഞ്ച്- നോയിഡ പാതയുടെ സമരക്കാര്‍ തടഞ്ഞ ഭാഗം തുറക്കാനും മധ്യസ്ഥ സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. പിന്നാലെ ബാരിക്കേഡുകള്‍ നീക്കി സമരക്കാര്‍ റോഡിന്‍റെ ഒരു ഭാഗം തുറന്നു. റോഡിന്‍റെ പകുതി തുറക്കാമെന്നും മതിയായ സുരക്ഷ പൊലീസ് ഉറപ്പു വരുത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം മധ്യസ്ഥ സമിതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.