ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയുടെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കേന്ദ്രത്തിന്‍റെ ഇടപെടല്‍. വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജൽ എന്നിവരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തി.
കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ രണ്ടാം തവണയാണ് ഉന്നതതല യോഗം ഡല്‍ഹിയില്‍ നടക്കുന്നത്. യോഗത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ, കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധൻ, ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി, ഡൽഹിയിലെ നോർത്ത് ഈസ്റ്റ് മുനിസിപ്പൽ കോർപ്പറേഷനുകളുടെ മേയർമാരായ അവ്താർ സിംഗ്, അഞ്ജു കമൽകാന്ത്, സൗത്ത് ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷന്‍റെ പ്രതിനിധി, മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളുടെ കമ്മീഷണർമാര്‍ എന്നിവരും പങ്കെടുത്തിരുന്നു.
രാജ്യ തലസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്‍റെ നിലവിലെ സ്ഥിതി, ഈ സാഹചര്യത്തില്‍ വൈറസ് വ്യാപനം എങ്ങനെ തടയാം എന്നീ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വരും ദിവസങ്ങളില്‍ ഡല്‍ഹിയിലെ കൊവിഡ് പരിശോധന മൂന്നിരട്ടിയാക്കുമെന്നും ചികിത്സക്കായി 500 റെയില്‍വേ കോച്ചുകള്‍ സജ്ജമാക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. കൂടാതെ കണ്ടെൻമെന്‍റ് സോണുകളില്‍ വീട് കയറി സര്‍വേ നടത്തി നിരീക്ഷണം ശക്തമാക്കാനും തീരുമാനമായി.
സ്വകാര്യ ആശുപത്രികൾക്ക് 60 ശതമാനം കിടക്കകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന് അറിയിച്ച ആഭ്യന്തര മന്ത്രി കൊവിഡ് ചികിത്സക്ക് നിശ്ചിത നിരക്ക് തീരുമാനിക്കുമെന്നും ഇതിനായി നിതി ആയോഗ് അംഗം വി കെ പോളിന്‍റെ അധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. കമ്മിറ്റി റിപ്പോര്‍ട്ട് തിങ്കളാഴ്ചക്കകം സമര്‍പ്പിക്കണം. അതേസമയം ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 39000 കടന്നു. മരണ സംഖ്യ 1200 ആയി.