ന്യൂഡൽഹി: അസ്ട്രാസെനെക്കയുടെ കൊവിഡ് വാക്‌സിൻ സുരക്ഷിതമാണെന്നും പാർശ്വഫലങ്ങളില്ലെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്‌സിൻ സ്വീകരിച്ച ചെന്നൈ സ്വദേശിക്ക് പാർശ്വ ഫലങ്ങൾ കണ്ടതായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിലപാട് അറിയിച്ചത്.
വാക്‌സിന്‍ പരീക്ഷണത്തിന് ശേഷം നാഡീസംബന്ധമായും മറ്റ് ശാരീരിക പ്രയാസങ്ങളും നേരിടുന്നുവെന്ന് ചെന്നൈ സ്വദേശി അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചിരുന്നു. അഞ്ച് കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ ചെന്നൈ സ്വദേശിയുടെ വാദം സെറം ഇൻസ്റ്റിറ്റ്യൂട്ട് പൂർണമായും തള്ളി. അന്യായമായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും നിയമപരമായ നേരിടുമെന്നും സംഭവവുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും ഡാറ്റയും ഡി.സി.ജി.ഐ (ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ)ക്ക് സമർപ്പിച്ചതായും ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിനാണ് കൊവിഷീല്‍ഡ്. പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്ത് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്.