ഹൈദരാബാദ്: ഇന്ത്യക്കും കുറഞ്ഞതും ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കുമായി 2021നകം 100 മില്ല്യണ്‍ (10 കോടി) കൊവിഡ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ). 92 രാജ്യങ്ങള്‍ക്കായി 225 രൂപ നിരക്കില്‍ (മൂന്ന് ഡോളര്‍) വാക്‌സിന്‍ വിതരണം ചെയ്യുമെന്നും പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വാക്‌സിന്‍ ഉല്‍പാദനം ത്വരിതപ്പെടുത്തുന്നതിനായി ഗവി, ബില്‍, മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ എന്നിവയുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സഹകരിക്കുമെന്ന് കമ്പനി സിഇഒ അദര്‍ പൂനവാല പറഞ്ഞു. എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് എന്ന ലക്ഷ്യവുമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു സ്വകാര്യ മേഖലകളുടെ സംഘടനയാണ് ഗവി. ബില്‍ ആന്‍റ് മെലിന്‍റ ഗേറ്റ് ഫൗണ്ടേഷന്‍ 150 മില്ല്യണ്‍ ഡോളര്‍ ഗവിക്ക് നല്‍കുകയും തുടര്‍ന്ന് ഫണ്ട് വാക്‌സിന്‍ നിര്‍മാണത്തിനായി കമ്പനിക്ക് കൈമാറുകയുമാണ് ചെയ്യുക.
സാധ്യതാ വാക്‌സിനുകളെ വികസിപ്പിച്ചെടുക്കാനും വാണിജ്യവല്‍ക്കരിക്കാനുമായി എസ്ഐഐയുമായി കരാറിലേര്‍പ്പെട്ടതായി അമേരിക്കന്‍ വാക്‌സിന്‍ വികസന സ്ഥാപനമായ നൊവവാക്‌സ് കഴിഞ്ഞ ദിവസം പ്രഖാപിച്ചിരുന്നു. കരാര്‍ പ്രകാരം ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ വാക്‌സിനുകളുടെ അവകാശം നൊവാവാക്‌സിനായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പാദകരാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കാനായി ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്‌ട്രാസെനികയുമായും ചേര്‍ന്ന് കമ്പനി പ്രവര്‍ത്തിക്കുന്നു. നിലവില്‍ കൊവിഡ് വാക്‌സിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ നടന്നു കൊണ്ടിരിക്കുകയാണ്. രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ ട്രയലിനുള്ള അനുമതി കമ്പനിക്ക് നല്‍കിയിരിക്കുകയാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാല നടത്തിയ ഒന്നും രണ്ടും ഘട്ട ട്രയലില്‍ പങ്കെടുത്ത എല്ലാവരിലും വൈറസിനെതിരെ മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് അസ്ട്രാസെനിക്ക വ്യക്തമാക്കിയിരുന്നു.