ന്യൂഡൽഹി: കൊവിഡ് -19 രോഗം പടരുന്നത് കണ്ടെത്താനുള്ള സീറോളജിക്കൽ സർവേയുടെ അന്തിമ ഫലങ്ങൾ ഇനിയും പൂർത്തിയായിട്ടില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. രാജ്യത്തെ ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളിലെ 15 ശതമാനത്തിലധികം ആളുകളും രോഗബാധിതരാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ സർവേയുടെ അന്തിമ ഫലങ്ങൾ ഇനിയും പൂർത്തിയായിട്ടില്ലെന്ന് ഐസിഎംആർ ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു. ഇതുവരെയുള്ള കണ്ടെത്തലുകൾ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയ്ക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും പങ്കിട്ടതായി റിപ്പോർട്ടുണ്ട്.
മെയ് മാസത്തിൽ ഐസിഎംആർ ആരംഭിച്ച സീറോ സർവേ 21 സംസ്ഥാനങ്ങളിലെ 69 ജില്ലകളെ ഉൾക്കൊള്ളുന്ന സർവേയായിരുന്നു. രോഗലക്ഷണമില്ലാത്ത വ്യക്തികൾ ഉൾപ്പെടെയുള്ള കൊവിഡ് അണുബാധക്ക് വിധേയമാകുന്ന ജനസംഖ്യയുടെ അനുപാതം മനസിലാക്കാൻ സീറോ-സർവേകൾ സഹായിക്കുന്നു. കൂടാതെ അണുബാധയുടെ വ്യാപനത്തിന്‍റെ തോത് അനുസരിച്ച് രോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഉചിതമായ പൊതുജനാരോഗ്യ ഇടപെടലുകൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യാം.
ഓരോ ജില്ലയിലെയും 10 ക്ലസ്റ്ററുകളിൽ നിന്ന് തെരഞ്ഞെടുത്ത 400 വ്യക്തികളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിക്കും. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വികസിപ്പിച്ച ഇഎൽഐഎസ്എ ടെസ്റ്റ് ഉപയോഗിച്ച് ഐജിജി ആന്‍റിബോഡികളുടെ സാന്നിധ്യത്തിലായിരിക്കും ഈ വ്യക്തികളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിക്കുക.