ചെന്നൈ: സേലത്ത് വൃദ്ധനെ മൃതദേഹങ്ങൾക്കായുള്ള ഫ്രീസറിൽ അടച്ച് കൊലപ്പെടുത്താൻ ശ്രമം. സേലം സ്വദേശി ബാലസുബ്രഹ്മണ്യ കുമാറിനെ 24 മണിക്കൂറിന് ശേഷം പൊലീസ് രക്ഷപ്പെടുത്തി. സഹോദരൻ മരിച്ചെന്ന് പറഞ്ഞ് ബാലസുബ്രഹ്മണ്യ കുമാറിന്‍റെ സഹോദരൻ സരവനനാണ് തിങ്കളാഴ്ച ഫ്രീസർ ബോക്സ് വാടകയ്ക്ക് എടുത്തത്. ബോക്സ് ശേഖരിക്കാൻ ചൊവ്വാഴ്ച ഉച്ചയ്ക്ക് വന്നാൽ മതിയെന്നും ഇയാൾ ജീവനക്കാരോട് പറഞ്ഞിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ബാലസുബ്രഹ്മണ്യ കുമാറിന്‍റെ വീട്ടിലെത്തിയ ഫ്രീസർ ബോക്സ് വാടകയ്‌ക്കെടുക്കുന്ന സ്ഥാപനത്തിലെ ജീവനക്കാർ ഇയാൾക്ക് ജീവനുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഇവർ ഫ്രീസറിൽ നിന്ന് വൃദ്ധനെ പുറത്തെടുക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. വൃദ്ധനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക അന്വേഷണത്തിൽ സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നെന്നും അതാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.