ഡല്‍ഹി: 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ രാജ്യം തയ്യാറായിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. ആഘോഷങ്ങള്‍ കണക്കിലെടുത്ത് തലസ്ഥാന നഗരിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ രാജ്യതലസ്ഥാനത്ത് ഉടനീളം സുരക്ഷിതവും സുഗമവുമായ വാഹന ഗതാഗതം ഉറപ്പാക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. സ്വാതന്ത്ര്യദിന ആഘോഷത്തിനായി ചെങ്കോട്ടയില്‍ വ്യാഴാഴ്ച ഫുള്‍ ഡ്രസ് റിഹേഴ്‌സല്‍ നടന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ഇന്ത്യയ്‌ക്കൊപ്പം ചരിത്രത്തില്‍ ആദ്യമായി കാനഡയും പങ്ക് ചേരും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും.
അതേസമയം ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരുകയാണ്. സുരക്ഷയുടെ ഭാഗമായി പ്രശ്നബാധിത ജില്ലകളില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇതിന് പുറമേ പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ഉത്തര്‍പ്രദേശ്- നേപ്പാള്‍ അതിര്‍ത്തി അടച്ചു. നേപ്പാള്‍ അതിര്‍ത്തിയിലെ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രശ്നബാധിത പ്രദേശങ്ങളിലെ അധികാര പരിധിയില്‍ പട്രോളിങ് ശക്തമാക്കും. ഡല്‍ഹി, എന്‍സിആര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണം ആഗസ്റ്റ് 15 വരെ തുടരും. ജില്ലാ അതിര്‍ത്തികള്‍, ബസ് സ്റ്റേഷനുകള്‍, റയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കാനും എഡിജി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക മാദ്ധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലാ പൊലീസ് മേധാവികളെയും രണ്ട് കമ്മീഷണര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അയോദ്ധ്യയ്ക്ക് സമീപം പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുകയാണ്.