ന്യൂഡൽഹി: ഗാസിയാബാദ് ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകൻ വിക്രം ജോഷിയുടെ ആക്രമണവും തുടർന്നുള്ള മരണവും ക്രമസമാധാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മരുമകളെ ഉപദ്രവിച്ചതിൽ പ്രതിഷേധിച്ച മാധ്യമപ്രവർത്തകൻ വിക്രം ജോഷി കൊല്ലപ്പെട്ട സംഭവം ക്രമസമാധാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. കൊലയാളികളെ കഠിനമായി ശിക്ഷിക്കണം, കെജ്‌രിവാൾ ബുധനാഴ്ച ട്വീറ്റ് ചെയ്തു.
സംഭവത്തിൽ നിരവധി നേതാക്കളാണ് ഉത്തർപ്രദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. മരുമകൾക്കെതിരായ ആക്രമണത്തിനെതിരെ പ്രതിഷേധിച്ചതിനാണ് മാധ്യമപ്രവർത്തകൻ വിക്രം ജോഷി കൊല ചെയ്യപ്പെട്ടതെന്നും അദ്ദേഹത്തിന്‍റെ കുടുംബത്തെ തന്‍റെ അനുശോചനം അറിയിക്കുന്നതായും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അവർ രാമ രാജ്യം വാഗ്ദാനം ചെയ്തെന്നും പക്ഷേ ഗുണ്ടരാജാണ് നൽകിയതെന്നും മുൻ കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഇന്ന് അന്തരിച്ച പത്രപ്രവർത്തകനായ വിക്രം ജോഷിയുടെ കുടുംബത്തിന് എന്‍റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതായും തന്‍റെ മരുമകളെ ചൂഷണം ചെയ്തവര്‍ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാത്തതിനെതിരെ പ്രതിഷേധിച്ചതിനാണ് യുപിയിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടതെന്നും രാജ്യത്ത് ഭയാനകമായ അന്തരീക്ഷമാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വിറ്ററിൽ കുറിച്ചു.
വെടിയേറ്റ മാധ്യമപ്രവർത്തകൻ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. തന്‍റെ മരുമകളെ അക്രമികൾ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ഗാസിയാബാദിലെ വിജയ് നഗർ പൊലീസ് സ്റ്റേഷനിൽ അടുത്തിടെ ഇദ്ദേഹം കേസ് ഫയൽ ചെയ്തിരുന്നു. മരിച്ചയാളുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കേസിൽ ഒമ്പത് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.