ന്യൂഡൽഹി: ബോംബെ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഗോസ്വാമിയുടെ ഹർജിയിൽ മഹാരാഷ്ട്ര സർക്കാരിനെയും മുംബൈ പൊലീസിനെയും കേന്ദ്ര സർക്കാരിനെയും മറ്റുള്ളവരെയും ഇക്കാര്യത്തിൽ പ്രതികളാക്കി. 2018ലെ ആർകിടെക്ടിന്‍റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമിക്കും മറ്റ് രണ്ട് പേർക്കും ഇടക്കാല ജാമ്യം നൽകാൻ ഹൈക്കോടതി വിസമ്മതിക്കുകയും കീഴ്‌ക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
2018 മെയ് മാസത്തിൽ അലിബാഗിൽ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന ഇന്‍റീരിയർ ഡിസൈനർ അൻവായ് നായിക്കിന്‍റെ കേസിൽ പ്രതിയായ ഗോസ്വാമിയുടെയും മറ്റ് രണ്ട് പേരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നു. നായികിന്‍റെ ആത്മഹത്യാക്കുറിപ്പിൽ ഗോസ്വാമി തനിക്ക് കുടിശ്ശിക പണം നൽകിയിട്ടില്ലെന്ന് ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഗോസ്വാമിയെയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.
അതേസമയം, നവംബർ 4ന് പുലർച്ചെ തന്നെ അറസ്റ്റ് ചെയ്യാൻ വസതിയിൽ പ്രവേശിച്ച മുംബൈ പൊലീസ് ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളെ ശാരീരികമായി ഉപദ്രവിച്ചതായി ഗോസ്വാമി ആരോപിച്ചിരുന്നു. 2019 ൽ ക്ലോസേഷൻ റിപ്പോർട്ട് സമർപ്പിച്ച ആത്മഹത്യ കേസ് നായിക്കിന്‍റെ ഭാര്യ അക്ഷത കോടതിയെ സമീപിച്ചതിന് ശേഷം പുനഃരാരംഭിക്കുകയായിരുന്നു. ഈ വർഷം സെപ്റ്റംബറിൽ നായിക്കിന്‍റെ മകളുടെ പുതിയ പരാതിയെത്തുടർന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് കേസ് വീണ്ടും അന്വേഷിക്കാൻ ഉത്തരവിട്ടു.